ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നിർബന്ധിത ഇ20 എഥനോൾ ബ്ലെൻഡഡ് പെട്രോൾ നയത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സാമൂഹിക പ്രവർത്തകൻ തെഹ്സീൻ പൂനവാല രംഗത്ത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ നയം സാധാരണക്കാരായ വാഹന ഉടമകളെ വഞ്ചിക്കുന്നതാണെന്നും, ഇത് സ്വന്തം കുടുംബാംഗങ്ങളുടെ നേട്ടം മാത്രം ലക്ഷ്യമിട്ടുള്ള 'ബേഠാ ബഢാവോ'ആന്ദോളനാണെന്നും പൂനവാല ആരോപിച്ചു.
ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. വാഹന ഉപയോക്താക്കൾക്ക് തങ്ങളുടെ വാഹനങ്ങളിൽ ഏത് ഇന്ധനം ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. എന്നാൽ, യാതൊരു മുൻകരുതലോ സുതാര്യതയോ ഇല്ലാതെ ഇ20 പെട്രോൾ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വാഹനങ്ങളുടെ എൻജിനുകൾക്ക് വലിയ കേടുപാടുകൾ വരുത്തുകയും മൈലേജ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഥനോൾ ഉത്പാദന മേഖലയിൽ വൻകിടക്കാർക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നയം തിരക്കിട്ട് നടപ്പിലാക്കുന്നതെന്നും, ഇതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ സാധാരണക്കാരല്ലെന്നും പൂനവാല പറഞ്ഞു. സർക്കാരിന്റെ ഈ നയത്തിനെതിരെ പോലീസ് നിയന്ത്രണങ്ങൾ വകവെക്കാതെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും, ആവശ്യമെങ്കിൽ മന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് പ്രതിഷേധം മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ഹമാരാ ഗാഢി, ഹമാര ഹഖ്' (നമ്മുടെ വാഹനം നമ്മുടെ അവകാശം) എന്ന പ്രതിഷേധ പ്ലക്കാർഡുകളും ഉയർത്തിയാണ് ഇവരുടെ സമരം.